കാമറൂൺ: സൂപ്പർ താരങ്ങളുടെ പോരാട്ടത്തിൽ മുഹമ്മദ് സലയ്ക്ക് പരാജയം. സൂപ്പർ താരങ്ങളായ മുഹമ്മദ് സലയും സാദിയോ മാനെയും പരസ്പരം മത്സരിച്ച ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ സെനഗഗലിന് സ്വന്തം.
എട്ടാം കിരീടം ലക്ഷ്യം വെച്ച് കളിച്ച ഈജിപ്തിന് നിരാശയോടെ മടക്കം. പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്തിനെ 4-2ന് തോല്പിച്ച് സെനഗൽ തങ്ങളുടെ കന്നി ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഗോളടിക്കാൻ സാധിച്ചിരുന്നില്ല (0-0). മത്സരം പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മാനെ നഷ്ടപ്പെടുത്തി. എന്നാൽ ഷൂട്ടൗട്ടിൽ ഗോൾ നേടി സെനഗലിനെ വിജയിപ്പിച്ചു.
ഏഴാം മിനിറ്റിൽ മാനെ എടുത്ത പെനാൽറ്റി കിക്ക് ഈജിപ്ത് ഗോൾകീപ്പർ മുഹമ്മദ് അബു ഗബാൽ തടഞ്ഞു. മാനേയും സലയും ഇംഗ്ലീഷ് ക്ലബ്ബ് ലിവർപൂളിന്റെ കളിക്കാരാണ്. സലയ്ക്ക് പക്ഷെ ഫൈനലിൽ ഫോമിലേക്ക് ഉയരാൻ സാധിച്ചില്ല.
ഈജിപ്ത് പ്രീ ക്വാർട്ടറിൽ ഐവറികോസ്റ്റിനെയും ക്വാർട്ടറിൽ മൊറോക്കോയെയും, സെമിയിൽ കാമറൂണിനെയും അധിക സമയത്തേക്ക് നീണ്ട മത്സരങ്ങളിലാണ് തോല്പിച്ചിരുന്നത്. ഷൂട്ടൗട്ടിൽ സെനഗലിനു വേണ്ടി കാലിഡൗ കൗലിബലി, അബു ഡിയാല്ലോ, ബാംബ ഡിയെങ്, സാദിയോ മാനെ എന്നിവർ ഗോളടിച്ചു. പക്ഷെ ബൗന സാർ കിക്ക് നനഷ്ടപ്പെടുത്തി.
ഈജിപ്ടിന്റെ അഹമ്മദ് സയ്ദ്, മർവാൻ ഹംദി എന്നിവർക്ക് ഗോൾ നേടാനായി. മുഹമ്മദ് അബ്ദൽമോനെം, മൊഹനാദ് ലഷീൻ എന്നിവരുടെ കിക്ക് ഫലം കണ്ടില്ല.