ന്യൂഡല്‍ഹി: 2021-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള അന്താരാഷ്ട്ര വേള്‍ഡ് ഗെയിംസ് അസോസിയേഷന്റെ പുരസ്‌കാരം ഇത്തവണ ലഭിച്ചത് ഇന്ത്യയുടെ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷിന്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ 127647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് വിജയിച്ചത്.
ഫൈനല്‍ റൗണ്ടില്‍ സ്‌പെയിനിൽ നിന്നുള്ള പർവതാരോഹകൻ ആല്‍ബെര്‍ട്ടോ ഗിനെസ് ലോപസ്, ഇറ്റാലിയന്‍ വൂഷു താരം മൈക്കിള്‍ ജിയോര്‍ഡാന്‍ എന്നിവരെ പിന്നിലാക്കിയാണ് ശ്രീജേഷ് നേട്ടം കരസ്ഥമാക്കിയത്. അന്തിമ പട്ടികയില്‍ മൊത്തം 17 രാജ്യങ്ങളിൽ നിന്നായി 24 കായികതാരങ്ങളാണ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്.
വേൾഡ് ഗെയിംസ് പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. 2019-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി നായിക റാണി റാംപാലും ഈ പുരസ്‌കാരം നേടിയിരുന്നു.
33 കാരനായ പി ആർ ശ്രീജേഷ് ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരമായിരുന്നു. മുൻ ക്യാപ്റ്റൻ കൂടിയായ ശ്രീജേഷിന്റെ പ്രകടന മികവ് കൂടിയാണ് ഇന്ത്യയ്ക്ക് ഒളിമ്പിക് മെഡല്‍ കിട്ടാൻ കാരണം.
വിജയിച്ച ശ്രീജേഷിന് 127647 വോട്ടുകളും, രണ്ടാം സ്ഥാനത്തുള്ള ലോപ്പസിന് 67428 വോട്ടും, മൂന്നാം സ്ഥാനത്തെത്തിയ ജിയോര്‍ഡാനിന് 52046 വോട്ടും ലഭിച്ചു. പി ആർ ശ്രീജേഷ് മാത്രമായിരുന്നു ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പട്ട താരം. ശ്രീജേഷ് 2021 ൽ ലോക ഹോക്കി ഫെഡറേഷന്‍ ഗോള്‍കീപ്പര്‍ ഓഫ് ദ ഇയർ പുരസ്കാരം നേടിയിരുന്നു.
2006-ല്‍ ആണ് ഇന്ത്യന്‍ സീനിയര്‍ ടീമിൽ ശ്രീജേഷ് അരങ്ങേറ്റം കുറിച്ചത്. 2011 മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 2016 ൽ വെള്ളി മെഡല്‍ നേടിയത് ശ്രീജേഷ് ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ്. ഇതുവരെ രാജ്യത്തിന് വേണ്ടി മൊത്തം 244 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.