ഇന്ത്യയുടെ വാനമ്പാടിയായി അറിയപ്പെട്ടിരുന്ന ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജനുവരി എട്ടിനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉദാത്തമായസ്വരമാധുരിയും നല്ല ആലാപനശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ലോകമാസകലം ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പാടിയിട്ടുണ്ട് .
വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം 2001 ല്‍ നൽകി ഇന്ത്യ ആദരിച്ചിട്ടുണ്ട്.
1929 സെപ്റ്റംബര്‍ 28 നാണ് ലത ജനിച്ചത്. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍, ഷേവന്തി മങ്കേഷ്‌കര്‍ എന്നിവരാണ് മാതാപിതാക്കള്‍. 1942 ല്‍ പതിമൂന്നാമത്തെ വയസ്സിലാണ് ലത മ്യൂസിക് കരിയര്‍ ആരംഭിച്ചത്. നസന്ത് ജോഗ്‌ലേക്കറിന്റെ കിതി ഹസാല്‍ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് പാടിയിരുന്നത്.മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവര്‍ സഹോദരങ്ങള്‍ ആണ് . എല്ലാവരും സംഗീതജ്ഞരാണ്. അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ചാം വയസ്സില്‍ അച്ഛന്റ സംഗീതനാടകങ്ങളില്‍ ബാലതാരമായി ലത അരങ്ങിലെത്തി.
കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. മഹല്‍, ബര്‍സാത്, ബൈജു ബാവ് ര, മീന ബസാര്‍, ആധി രാത്, ഛോട്ടി ഭാഭി, അഫ്‌സാന എന്നിവ പ്രധാന ചിത്രങ്ങൾ ആണ്.