ഇന്ത്യൻ പ്രീമിയർ ലീഗിൻറെ (IPL ക്രിക്കറ്റ്) പതിനഞ്ചാം പതിപ്പിനുള്ള ലേലത്തിന് കളിക്കാരുടെ അന്തിമപട്ടിക തയ്യാറായപ്പോൾ മൊത്തം ലേലത്തിന് 590 കളിക്കാരാണുള്ളത്. ഫെബ്രുവരി 12, 13 തീയതികളിൽ ബംഗളൂരുവിലാണ് ലേലം. 7 വർഷത്തെ വിലക്കിനുശേഷം മലയാളി പേസർ എസ് ശ്രീശാന്തും പട്ടികയിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഐ പി എൽ കുട്ടി ക്രിക്കറ്റിൽ പത്ത് ടീമുകളാണ് ഇക്കുറിയുള്ളത്. രണ്ട് പുതിയ ടീമുകളായ ലക്നൗ ജയന്റ്‌സും അഹമ്മദാബാദുമാണ് ഇവ. 1214 താരങ്ങളാണ് ലേലത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തിരുന്നത്. ടീമുകൾ നിർദേശിച്ച കളിക്കാരെയും ചേർത്താണ് 590 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ള 228 പേരും, അല്ലാത്ത 355 കളിക്കാരും, അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് 7 പേരും ഉണ്ട്അ. മൊത്തം 220 വിദേശ കളിക്കാർ ഉണ്ട്.
ഡേവിഡ് വാർണർ, ട്രെന്റ് ബോൾട്ട്, ആർ അശ്വിൻ, പാറ്റ് കമ്മിൻസ്, ക്വിന്റൺ ഡി കോക്ക്, ശിഖർ ധവാൻ, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യർ, കഗീസോ റബാദ, മുഹമ്മദ് ഷമി എന്നിവരെ മാർക്വീ താരങ്ങളായിട്ടാണ് പരിഗണിക്കുന്നത്. പ്രമുഖരായ 10 കളിക്കാരെയാണ് ഇങ്ങനെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിലെ നാല് കളിക്കാരെ വരെ നിലനിർത്താൻ ടീമുകൾക്ക് അനുവാദം ഉണ്ട്. എട്ട് ടീമുകളും കൂടി 27 കളിക്കാരെ നിലനിർത്തിയിട്ടുണ്ട്.
ലേലത്തിൽ ഏറ്റവും കൂടിയ അടിസ്ഥാനവിലയായ രണ്ട് കോടിയുള്ള 48 പേരുണ്ട്. ഒന്നരക്കോടിയുടെ 20 പേരും, ഒരു കോടിയുടെ 34 താരങ്ങളും ഉണ്ട്.
പാകിസ്ഥാൻ ഒഴികെ എല്ലാ പ്രധാന ടെസ്റ്റ് രാജ്യങ്ങളിൽനിന്നുമുള്ള കളിക്കാർ ലേലത്തിലുണ്ട്. സൗത്ത് ആഫ്രിക്കയുടെ 42 വയസ്സുള്ള ഇമ്രാൻ താഹിർ ആണ് ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. പ്രായം കുറഞ്ഞത് അഫ്ഘാനിസ്താന്റെ 17 കാരൻ നൂർ അഹമ്മദും. മഹാരാഷ്ട്രയിലെ നാല് വേദികളിൽ വെച്ച് നടക്കുന്ന ഐപിഎൽ, മാർച്ച് 27ന് ആണ് തുടങ്ങാനുള്ള പദ്ധതി.