ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോക കപ്പ് ജേതാക്കൾ ആയി. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഫൈനൽ കളിയിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത രാജ് ബാവയുടെ പ്രകടനമാണ് നിർണായകമായത്. ഇന്ത്യയുടെ തന്നെ രവികുമാർ നാല് വിക്കറ്റെടുത്തു. ബാവ 9.5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 31 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോം പ്രെസ്റ്റ് ആണ് ടോസ് നേടിയത്. മികച്ച ഒരു സ്കോർ പ്രതീക്ഷിച്ച് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. പ്രെസ്റ്റിന്റെ പ്രതീക്ഷകൾ ഇന്ത്യൻ ബൗളർമാർ തകർത്തെറിഞ്ഞു. 116 പന്തിൽ 95 റണ്ണെടുത്ത ജയിംസ് റീവ് ഇംഗ്‌ളണ്ടിന് വേണ്ടി നല്ല പ്രകടനം കാഴ്ച്ച വെച്ചു. ജയിംസ് സാലെസ് 34 റണ്ണെടുത്തു.
രണ്ടാംഓവറിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് കിട്ടി. ഓപ്പണർ ജേക്കബ് ബെതല്ലിനെ (2) രവികുമാർ വിക്കറ്റിനുമുന്നിൽ കുരുക്കി. രവികുമാറിന്റെ അടുത്ത ഓവറിൽ പ്രെസ്റ്റും മടങ്ങി. റണ്ണൊന്നുമെടുക്കാതെ യാണ് പ്രെസ്റ്റിന്റെ വിക്കറ്റ് പോയത്.
നല്ല രീതിയിൽ ബാറ്റ് ചെയ്ത ജോർജ് തോമസിനെ പുറത്താക്കിയാണ് ബാവ വിക്കറ്റ് വേട്ട തുടങ്ങി. 30 പന്തിൽ ഒരു സിക്സറും നാല് ഫോറും ഉൾപ്പെടെ 27 റണ്ണടിച്ച തോമസിനെ ബാവ ക്യാപ്റ്റൻ യാഷ് ദൂലിന്റെ കെെകളിലെത്തിച്ചു. അപ്പോൾ ഇംഗ്ലണ്ട് സ്കോർ 3 ന് 37. വില്യം ലുക്-സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) തുടർച്ചയായ പന്തുകളിൽ വിക്കറ്റ് കീപ്പർ ദിനേശ് ബാനയുടെ കൈകളിലെത്തിച്ച് ബാവ ഇംഗ്ലണ്ടിനെ പൊരുതാൻ പറ്റാതാക്കി.
5 ന് 47 റണ്ണെന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിന് പിന്നീട് റെഹാൻ അഹമ്മദിന്റെ വിക്കറ്റും (10) ബാവയുടെ ബൗളിങ്ങിന് നൽകി. സ്പിന്നർ കൗശൽ താംബെ അലെക്സ് ഹോർട്ടണെ (10) പുറത്താക്കി.
7 ന് 91 എന്ന നിലയിലായ ഇംഗ്ലണ്ടിനെ റീവും സാലെസും ചേർന്ന് കരകയറ്റി. റീവ് – സാലെസ് സഖ്യം 93 റൺസിൻറെ കൂട്ടുകെട്ട് ഉണ്ടാക്കി.
പിന്നീട് 47.4 ഓവറിൽ 6 വിക്കറ്റിന് 195 എന്ന സ്കോറിനാണ് ഇന്ത്യയുടെ ജയം. ഇതിൽ നിഷാന്ത് സിധുവിന്റെ പുറത്താകാതെ നേടിയ 50 റൺസും നിർണായകമായി. ഷെയ്ഖ് റഷീദും 84 പന്തിൽ 50 റൺസ് നേടി നല്ല പിന്തുണ നൽകി.