മെൽബൺ
ട്വന്റി-ട്വന്റി ക്രിക്കറ്റ് ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാകിസ്ഥാൻ മത്സരം വരുന്നു. 2022 ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലാണ് ട്വന്റി-ട്വന്റി ലോകകപ്പ്.
ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇരുടീമുകളുടെയും ആദ്യ മത്സരം കൂടിയാണിത്.
ഇന്ത്യയും പാകിസ്ഥാനുമായായിരുന്നു കഴിഞ്ഞ ലോകകപ്പിൽ ആദ്യ മത്സരം. ആകെ 16 ടീമുകളുണ്ട്. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് രണ്ടിൽ ആണ്. ഇന്ത്യക്കും പാകിസ്ഥാനും പുറമെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് ഗ്രൂപ്പിൽ മറ്റ് രണ്ട് ടീമുകൾ. രണ്ട് ടീമുകൾ യോഗ്യത റൗണ്ടിൽ കളിച്ചെത്തും. ഒന്നാം ഗ്രൂപ്പിൽ ചാമ്പ്യൻമാരായ ഓസീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവരാണ്. രണ്ട് യോഗ്യതാ ടീമുകളുമുണ്ടാകും.
ഗ്രൂപ്പ് എ യിൽ നമീബിയ ശ്രീലങ്ക എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ റൗണ്ടിൽ നിന്ന് വരുന്ന രണ്ട് ടീമുകളും ചേർന്ന് പരസ്പരം മത്സരിക്കും. ഇവരിൽ മുകളിൽ വരുന്ന രണ്ട് ടീമുകൾ ഗ്രൂപ്പ് ഒന്നിലോ രണ്ടിലോ ചേർന്ന് സൂപ്പർ 12 ൽ ഭാഗം ആകും. ഇതേ പോലെ ഗ്രൂപ്പ് ബി യിൽ സ്കോട് ലാൻഡ്, വെസ്റ്റ് ഇൻഡീസ് എന്നീ രണ്ട് ടീമുകൾക്കോപ്പം രണ്ട് യോഗ്യത ടീമുകൾ എത്തും. ഇവരിൽ നിന്ന് മുകളിൽ എത്തുന്ന രണ്ട് ടീമുകൾ ആണ് സൂപ്പർ 12 ൽ എത്തുന്ന അവസാന രണ്ട് ടീമുകൾ.
ഒക്ടാേബർ 16 മുതൽ 21 വരെയാണ് യോഗ്യതാ റൗണ്ട്. നവംബർ 9 നും 10 നും സെമി മത്സരങ്ങൾ. നവംബർ 13 ന് മെൽബണിലാണ് ഫൈനൽ.