മെൽബൺ – റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ 2-6, 6-7, 6-4, 6-4, 7-5 എന്ന സ്കോറിന് പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേൽ നദാൽ 2022 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ചാമ്പ്യൻ ആയി.
ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് ഇനി നദാലിന് സ്വന്തം. ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപ് 20 കിരീടങ്ങളുമായി സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ, സെർബിയൻ താരം നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം റെക്കോർഡ് പങ്കുവെക്കുകയായിരുന്നു. ജയത്തോടെ 21–ാം കിരീടവുമായി റെക്കോർഡ് ഇനി റാഫേൽ നദാലിന് മാത്രം സ്വന്തം.
ആദ്യ രണ്ടു സെറ്റുകൾ ഡാനിൽ മെദ്‌വദേവ് നേടിയപ്പോൾ മത്സരം മെദ്‌വദേവിന് അനുകൂലമായി മാറുന്നു എന്ന ഗതിയായിരുന്നു കളിക്ക്. അവിടെ നിന്നും തിരിച്ചു കയറിയാണ് അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ മുപ്പത്തഞ്ചുകാരനായ നദാലിന്റെ വിജയം.
ഇതുവരെ അഞ്ചു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നാലു പ്രാവശ്യവും നദാലിനായിരുന്നു ജയം. 2019 യുഎസ് ഓപ്പൺ ഫൈനലിലും നദാൽ മെദ്‌വദേവിനെ തോൽപിച്ചിരുന്നു. ഈ സീസണിൽ തോൽവിയറിയാതെ നദാൽ 11 മത്സരങ്ങൾ ഇതോടെ പൂർത്തിയാക്കി.