ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുത്തു. ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളും തോൽക്കുകയും പരമ്പര കൈവിട്ട് പോകുകയും ചെയ്തിരുന്നു. ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാൻ മൂന്നാം കളിയിലെ വിജയം അനിവാര്യമാണ്.
ആദ്യ മത്സരങ്ങളിൽ ഇറങ്ങിയ ടീമിൽ നാല് മാറ്റം വരുത്തിയാണ് ഇന്ത്യ മൂന്നാം കളിയിൽ ഇറങ്ങുന്നത്. സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ, ജയന്ത് യാദവ്, ദീപക് ചഹാർ എന്നിവർ ടീമിൽ കയറിയപ്പോൾ, ആർ അശ്വിൻ, ശർദുൽ താക്കൂർ, വെങ്കടേഷ് അയ്യർ, ഭുവനേശ്വർ കുമാർ എന്നിവർ ടീമിൽ നിന്ന് പുറത്തായി.
ദക്ഷിണാഫ്രിക്കയും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സ്പിന്നർ തബ്‌റൈസ് ഷംസിയ്ക്ക് പകരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടീമിൽ വന്നതാണ് മാറ്റം.
ആദ്യ ഏകദിനത്തിൽ 31 റൺസിനും രണ്ടാം മത്സരത്തിൽ ഏഴുവിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക ഇതിനോടകം നേടുകയും ചെയ്തു.